03:14pm 19 June 2026
NEWS
ബിഡദി ടൗൺഷിപ്പ് പദ്ധതി നിർത്തിവെക്കാൻ രാഹുൽ ഗാന്ധിയ്‌ക്ക് നിവേദനം.
19/06/2026  12:11 PM IST
വിഷ്ണുമംഗലം കുമാർ
ബിഡദി ടൗൺഷിപ്പ് പദ്ധതി നിർത്തിവെക്കാൻ രാഹുൽ ഗാന്ധിയ്‌ക്ക് നിവേദനം

ബംഗളുരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അഭിമാന പദ്ധതിയായ ബിഡദി ടൗൺഷിപ്പിനെതിരെ അതിശക്തമായ ജനവികാരമാണ് രൂപപ്പെടുന്നത്. ദിവസം ചെല്ലുന്തോറും പ്രദേശികവാസികളായ കർഷകരുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം ശക്തിപ്പെടുകയാണ്. ഡി കെ ബംഗളുരു നഗരവികസന ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരിക്കെയാണ് ഗവണ്മെന്റ് ബിഡദി സാറ്റ്‌ലൈറ് നഗരപദ്ധതിയ്ക്ക് അനുമതി നൽകിയത്. ഡി കെയുടെ താല്പര്യപ്രകാരം ബംഗളുരു സൗത്ത് എന്ന് പേരുമാറിയ രാമനഗര ജില്ലയിൽ ബംഗളുരുവിന്റെ ഹൃദയഭാഗത്തുനിന്ന് 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ബിഡദിയുടെ കിടപ്പ്. ബംഗളുരു- മൈസൂരു ഹൈവേയ്ക്കിടയിലെ പ്രധാനപ്പെട്ട ഒരു സ്ഥലം. തട്ടെ ഇഡ്ഡലിയ്‌ക്ക് പ്രസിദ്ധമായ ബിഡദിയിലെ വ്യവസായിക മേഖലയിലാണ് ടയോട്ട കിർലോസ്കർ ഫാക്റ്ററി സ്ഥിതി ചെയ്യുന്നത്. നെല്ല്, റാഗി, പൂകൃഷി എന്നിവയ്ക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ മണ്ണ്. ബിഡദിയിലെ ഒമ്പത് ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന 7481 ഏക്കർ കൃഷിഭൂമിയും സമീപപ്രദേശങ്ങളും ഏറ്റെടുത്ത് അത്യാധുനിക സൗകര്യങ്ങളുള്ള ടൗൺഷിപ്പ് നിർമ്മിക്കുകയാണ് ഡി കെയുടെ ലക്ഷ്യം. ബിഎംഡി ആർഎ യാണ് ടൗൺഷിപ്പ് നിർമ്മിക്കുന്നത്. അതിനായി ബംഗളുരു നഗരവികസന വകുപ്പിൽ നിന്നും ബിഡിഎ, ബിഎംആർഡിഎ എന്നിവ അടർത്തിയെടുത്ത് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുകയാണ്. അതിന്റെ പേരിലാണ് വകുപ്പുമന്ത്രി കൃഷ്ണ ബൈരെഗൗഡ പ്രതിഷേധിച്ചത്. 500 ഏക്ര ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ആദ്യ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് കർഷക പ്രക്ഷോഭം ശക്തമായത്. ആരും തന്നെ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായില്ല. എന്നാൽ ഡി കെ പറയുന്നത് കൃഷിക്കാരായ പ്രാദേശികവാസികളിൽ എൺപതു ശതമാനവും ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്നാണ്. പ്രധാന പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസ്സും ടൗൺഷിപ്പിനെതിരാണ്. ഭരണകക്ഷിയായ കോൺഗ്രസ്സിൽ തന്നെ ഒരു വിഭാഗം കർഷകരെ അടിച്ചമർത്തി ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് എതിരാണ്. പാർട്ടിയ്ക്കും ഗവണ്മെന്റിനും ചീത്തപ്പേരുണ്ടാക്കുന്ന പദ്ധതികളൊന്നും വരില്ലെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി അഭിപ്രായപ്പെട്ടിട്ടുണ്ട്. നഗരത്തിലെ പ്രമുഖ പരിസരവാദികളും സാമൂഹിക പ്രവർത്തകരും ഈ പദ്ധതിയിൽ നിന്ന് പിന്മാറാൻ കർണാടക ഗവണ്മെന്റിന് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഡദി ടൗൺഷിപ്പിന് അനുകൂലമാണെന്ന് കഴിഞ്ഞ ദിവസം ഡി കെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ബിജെപിയുടെ പ്രതിനിധി സംഘം ബിഡദി സന്ദർശിച്ച് കൃഷിക്കാരുമായി സംസാരിച്ചിരുന്നു. എത്രയും വേഗം പദ്ധതി നിർത്തി വെക്കാനാണ് ബിജെപി ഡി കെ ശിവകുമാർ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത്. എതിർപ്പ് ശക്തമായതോടെ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി ഡി കെ നിർബന്ധിതനായേക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img